തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചി എന്ന പട്ടണത്തു സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ് മസാനി അമ്മൻ കോവിൽ. ക്ഷേത്രത്തിലെ ശിലയിൽ വറ്റൽമുളക് അരച്ച് പുരട്ടിയാൽ നമ്മുടെ ഏതു ആഗ്രഹങ്ങളും സഫലമാകും എന്നാണ് വിശ്വാസം.
മസാനി അമ്മൻ കോവിൽ കോയമ്പത്തൂർ Masani Amman Kovil Coimbatore
ആളിയാർ പുഴയുടെ തീരത്താണ് മസാനി അമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്. ദേവിയുടെ വിഗ്രഹം മുഴുവനായും മലർന്നു കിടക്കുന്ന രീതിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പ്രതിഷ്ഠയുടെ രണ്ടു കൈകൾ ഉയർത്തിയ രീതിയിലാണ് കാണപ്പെടുന്നത്. ദേവിയുടെ കുഞ്ഞെന്ന സങ്കല്പത്തിൽ പ്രതിഷ്ഠയുടെ കാൽഭാഗത്തിനടിയിൽ ആയി ഒരു രൂപം കാണാൻ കഴിയും.
ദേവിയുടെ വിഗ്രഹം ശ്രീരാമൻ ചുടലക്കാട്ടിൽ നിന്ന് മണല് ശേഖരിച്ചു ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു. ദേവിയുടെ പ്രീതി നേടാനായി തമിഴ്‌നാടിന്റെ അകത്തും പുറത്തും നിന്ന് അനേകം ഭക്തരാണ് ഇവിടേയ്ക്ക് എത്തുന്നത്.
ക്ഷേത്രത്തിന്റെ ഇടത്ത് പേച്ചിയമ്മ, മൂലയിൽ ദുർഗ്ഗ, മഹിഷാസുരമർദ്ദനി, വലത്ത് സപ്തകന്യകകൾ, കറുപ്പുസ്വാമി, വിനായകപെരുമാൾ, ഭുവനേശ്വരി എന്നിവരാണ് ഉപദേവതകൾ.
ക്ഷേത്ര പ്രത്യേകതകൾ
മുളകരച്ചു തേയ്ച്ചുള്ള പൂജകൾ
ആഗ്രഹസാഫല്യത്തിന്, കൊടുത്ത പണം തിരിച്ചു കിട്ടുന്നതിന്, ഉദര സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കൊക്കെ ഏറ്റവും വലിയ പരിഹാരം കാണാനായി ഇവിടെ വന്നു പ്രധാന പ്രതിഷ്ഠയുടെ വലതുവശം കാണുന്ന നീതിശിലയിൽ ഒരുപിടി വറ്റൽ മുളകരച്ചു തേയ്ച്ചാൽ മതിയെന്നാണ് ഐതീഹ്യം. തേയ്ച്ചു കഴിഞ്ഞവർ തിരിഞ്ഞു നോക്കാതെ തിരികെ ആഗ്രഹവും പ്രാർത്ഥിച്ചുകൊണ്ട് അമ്പലത്തിനു പുറത്തു പോകണം. പ്രാർത്ഥിച്ചു രണ്ടാം നാൾ മുതൽ 90 ദിവസത്തിനകം കാര്യസിദ്ധി ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. ഫലം ലഭിച്ചതിനു ശേഷം ഇവിടെ വന്നു ഇതേ ശിലയിൽ കരിക്കു കൊണ്ട് അഭിഷേകം നടത്തണം. എന്നാൽ മാത്രമേ ചെയ്ത കർമം പൂർത്തിയാവുകയുള്ളു. ഈ കാര്യം വളരെയേറെ ശരിയുള്ളതാണെന്നു വന്നു പോയ ഭക്തർ പറയുന്നു.
ആഗ്രഹങ്ങൾ എഴുതി സമർപ്പിക്കാം
നമ്മുടെ ആഗ്രഹങ്ങളും വിഷമങ്ങളും ഒരു പേപ്പറിൽ എഴുതി ദേവിയുടെ വിഗ്രഹത്തിൽ വയ്ക്കാൻ കഴിയും. അതിനു ക്ഷേത്ര കൗണ്ടറിൽ നിന്ന് നിശ്ചിത തുക അടച്ചു രസീത് വാങ്ങണം. ഇങ്ങനെ ചെയ്താലും ഫലപ്രാപ്തി നിശ്ചയം ആണ്.
വിശേഷ ദിവസങ്ങളും വഴിപാടുകളും
ഇവിടുത്തെ പ്രധാന ദിവസങ്ങൾ ചൊവ്വയും വെള്ളിയും ആണ്. ജനുവരി-ഫെബ്രുവരി മാസത്തിലാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ധാരാളം ജനങ്ങൾ ഉത്സവം കാണാൻ എത്തുന്നു. തീയാട്ടം എന്ന ചടങ്ങാണ് ഉത്സവത്തിൽ പ്രധാനം. ശിവരാത്രിയോട് അനുബന്ധിച്ചു മായന പൂജ നടക്കുന്നു. ക്ഷേത്ര സമയം രാവിലെ ആറു മുതൽ വൈകിട്ട് എട്ടു മണിവരെയാണ് എന്നാൽ അമാവാസി ദിവസങ്ങളിൽ ദിവസം 24 മണിക്കൂറും അമ്പലം തുറന്നിരിക്കും.
മേൽവിലാസം
Comments
Post a Comment