കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താ ക്ഷേത്രം / കുളത്തൂപ്പുഴ ബാലശാസ്താ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്ത ക്ഷേത്രങ്ങളിൽ ഒന്നാമത്തേതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം.
കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം Kulathupuzha Bala Sastha Temple
ശ്രീ ധർമ്മശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. കിഴക്കോട്ടാണ് പ്രതിഷ്ഠയുടെ ദർശനം. സംരക്ഷിത കാവുകളിൽ ഒന്നാണ് ഇവിടുത്തെ സർപ്പ കാവ്.
കുളത്തൂപ്പുഴ കല്ലടയാറിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ "തിരുമക്കളെന്നാണ്" അറിയപ്പെടുന്നത്. വിട്ടുമാറാത്ത രോഗങ്ങൾ അകലുവാനായി ഈ മീനുകൾക്ക് ഊട്ട് നൽകുന്ന പതിവുണ്ട്.
ഗർഭഗൃഹത്തിൽ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗരമ്മ, യക്ഷി, ഗന്ധർവ്വൻ എന്നിവരാണ് ഉപദേവതകൾ. കൊട്ടാരക്കര രാജാക്കന്മാരാണ് ക്ഷേത്രം പണിതത്.
ഐതീഹ്യം
ഒരിക്കൽ ഒരു ആചാര്യ ശ്രേഷ്ഠൻ കുളിക്കാനായി ആറ്റിലിറങ്ങി. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ ഭക്ഷണം പാകം ചെയ്യാൻ അടുപ്പു കല്ല് കൂട്ടിയപ്പോൾ ഒന്ന് എപ്പോഴും വലുതായി തന്നെ ഇരിക്കുന്നു. എത്ര ശരിയാക്കുവാൻ ശ്രമിച്ചിട്ടും ശരിയാകാതെ വന്നപ്പോൾ അവരതു തല്ലി പൊട്ടിച്ചു. അതിൽ നിന്നും രക്‌ത പ്രവാഹമാണ് കണ്ടത്. കുളി കഴിഞ്ഞു വന്ന ആചാര്യന് അതിൽ ദൈവസാന്നിദ്ധ്യം ഉണ്ടെന്നു മനസിലാക്കി. അവിടെ ഒരു ക്ഷേത്രം പണിയാൻ രാജാവ് സഹായങ്ങൾ ചെയ്തു. രാജഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നതോടുകൂടി ക്ഷേത്രം അവരുടെ കീഴിലായി
ഉത്സവവും വഴിപാടുകളും
മേടവിഷുവാണ് ഇവിടുത്തെ പ്രധാന ഉൽസവ ദിവസം. വൃച്ഛികമാസത്തിൽ തുടങ്ങുന്ന ശബരിമല മണ്ഡലകാലം ഇവിടെ ഏറെ വിശേഷമാണ്.
നീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ.
അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. ബാലാരിഷ്ടത മാറാൻ കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്.
എങ്ങനെ ക്ഷേത്രത്തിൽ എത്തിച്ചേരാം
തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് – പാലോട് – മടത്തറ വഴിയും, കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും കൊട്ടാരക്കര, പുനലൂർ, അഞ്ചൽ വഴിയും കുളത്തൂപ്പുഴയിൽ എത്തിച്ചേരാം. തമിഴ്നാട്ടിൽ നിന്നും തെങ്കാശി – ചെങ്കോട്ട – ആര്യങ്കാവ് – തെന്മല വഴി കുളത്തൂപ്പുഴ എത്തിച്ചേരാം.
മേൽവിലാസം
Kulathupuzha
Kerala 691310
Phone no : 04735 202 056
Comments
Post a Comment