കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മുരുകൻ ക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. വലിപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം തന്നെ കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമായി ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ കണക്കാക്കുന്നു. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ചതുർബാഹുവായ സുബ്രഹ്മണ്യ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠയാണ്. കേരളത്തിലെ ഏറ്റവും വലിയ കൊടിമരമുള്ള ക്ഷേത്രവും വലിയ വിഗ്രഹമുള്ള ക്ഷേത്രവും എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനാണ്. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശ്രീകൃഷ്ണൻ , അയ്യപ്പൻ, നാഗദൈവങ്ങൾ, കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഐതീഹ്യം
ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം, ത്രേതായുഗത്തിൽ പരശുരാമന്റെ പൂജയേറ്റുവാങ്ങിയതാണെന്നും പിന്നീട് അദ്ദേഹം അത് കായംകുളം കായലിൽ നിക്ഷേപിച്ചതാണെന്നും ആണ് പറയപ്പെടുന്നത്. ഇന്നത്തെ ക്ഷേത്രത്തിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവിൽ ക്ഷേത്രമായിരുന്നു പണ്ട്. അങ്ങനെ ഒരിക്കൽ ആ ക്ഷേത്രത്തിനടുത്തായി അയ്യപ്പന് വേണ്ടി മഹാക്ഷേത്രം പണിയാൻ അവിടുത്തെ നാട്ടുപ്രമാണിമാർ തീരുമാനിച്ചു. എന്നാൽ എല്ലാ നാട്ടുപ്രമാണിമാർക്കും ഒരേ സമയം ഒരു സ്വപ്നദർശനമുണ്ടായി. പുതിയ ക്ഷേത്രത്തിൽ അയ്യപ്പനെയല്ല, സുബ്രഹ്മണ്യനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്ന്, ഒരു സന്യാസി അരുളി ചെയ്യുന്നതായിട്ടായിരുന്നു അത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും ഉചിതമായ ഒരു വിഗ്രഹം, കായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നും പറഞ്ഞു. അങ്ങനെ പ്രമാണിമാർ അവിടെ പോയി തിരയുകയും കിട്ടിയ വിഗ്രഹം തിരികെ കൊണ്ട് വന്ന് പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠ ദിനത്തിൽ പരശുരാമന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രവിശേഷതകൾ
ഹരിപ്പാട് ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത പഴക്കം ചെന്ന ഒരു മണിയാണ്. ഓടില്‍ നിര്‍മ്മിച്ച ഇത് എപ്പോഴും മുഴക്കാറില്ല. വിശേഷസന്ദര്‍ഭങ്ങളിലോ, പ്രത്യേക സമയങ്ങളിലോ, ദിവസങ്ങളിലോ മാത്രമേ ഈ മണി മുഴക്കാറുള്ളൂ. ക്ഷേത്രമുറ്റത്തെത്തുന്നതിന് തൊട്ടുമുമ്പ് വഴിയുടെ തെക്കുഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ഇതാണ്, ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ. ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്ത് സാമാന്യം വലുപ്പമുള്ള ഒരു കുളം കാണാം. വേലകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. ചെമ്പുമേഞ്ഞ, അസാമാന്യ വലിപ്പമുള്ള വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. ശ്രീകോവിൽ മനോഹരമായ ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. ശ്രീകോവിലിന്റെ നേരെമുന്നിൽ ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപമുണ്ട്.
വിശേഷ ദിവസങ്ങളും
തൈപ്പൂയം, സ്കന്ദഷഷ്ഠി, ചിത്തിര ഉത്സവം, മാർകഴി ഉത്സവം, ആവണി ഉത്സവം, തൃക്കാർത്തിക ആണ് ഇവിടെ പ്രധാന ഉത്സവങ്ങൾ ആയി ആചരിക്കുന്നത്.
ക്ഷേത്ര ദര്‍ശന സമയം
രാവിലെ - 4.00 am -12 pm
വൈകുന്നേരം - 4.30 pm -8.30 pm
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ
- ഹരിപ്പാട് ബസ് സ്റ്റാന്റില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
- അടുത്ത റെയില്‍വേസ്‌റ്റേഷന്‍ - ഹരിപ്പാട് റെയില്‍വേസ്‌റ്റേഷന്‍ (1.5 km)
- അടുത്തവിമാനത്താവളം: കൊച്ചി അന്താരാഷ്ട്രവിമാനത്താവളം (115 km). തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളം (125 km).
മേല്‍വിലാസം
ഹരിപ്പാട്,
ആലപ്പുഴ ജില്ല 690514
കേരളം
ഫോണ്‍: 0479 2410690, 0479 2410690
Comments
Post a Comment