കോഴിക്കോട് ജില്ലയിലെ കാക്കൂർ എന്ന സ്ഥലത്തു രാമല്ലൂരിലാണ് ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദശാവതാരങ്ങളിൽ രണ്ടാമത്തെതായ കൂർമ്മാവതാര സങ്കല്പത്തിലുള്ള മഹാവിഷ്ണു ആണ് പ്രധാന പ്രതിഷ്ഠ.
ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം Amamangalam Sri Mahavishnu Temple
ചതുർബാഹു രൂപത്തിലാണ് മഹാവിഷ്ണുവിനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 3000 വർഷത്തിലധികം പഴക്കമുള്ള ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം കൂർമ്മാവതാര ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യം ഉള്ള ഒന്ന് തന്നെയാണ്. പരശുരാമൻ സൃഷ്‌ടിച്ച 32 ഗ്രാമങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം വാഴുന്ന രാമല്ലൂർ എന്ന പ്രദേശവും. മഹാവിഷ്ണുവിന്റെ ദശാവതാര ക്ഷേത്രങ്ങൾ ഒക്കെയും ഇവിടെ തന്നെയാകുന്നു.
ഗണപതിയും, അയ്യപ്പനും, ദക്ഷിണാമൂർത്തിയും, ഭദ്രകാളിയും ആണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ''ആമേങ്ങലത്ത് അപ്പൻ'' എന്നാണ് ഭക്തർ ഭഗവാനെ വിളിക്കുന്ന പേര്. തങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഭഗവാൻ കൂടെയുണ്ടാകും എന്ന വിശ്വാസമാണ് അവർക്ക്. ആമവാത രോഗം മാറുന്നതിനായി ക്ഷേത്രത്തിൽ വന്നു തൊഴുതു വഴിപാടുകൾ നടത്തുന്നത് ഫലപ്രാപ്തിയുണ്ടാകും എന്നാണ് വിശ്വാസം.
ഐതീഹ്യം
108 ശിവ ക്ഷേത്രങ്ങളും 108 ദുർഗ്ഗാ ക്ഷേത്രങ്ങളും പണിത വംശജനായ പരശുരാമൻ ഒരു വിഷ്ണു ക്ഷേത്രം നിർമ്മിക്കുന്നതിനെ കുറിച്ച് അതീവ ചിന്തിതൻ ആയിരുന്നു. അങ്ങനെ വിഷ്ണു ക്ഷേത്രം നിർമ്മിക്കാനായി ഉള്ള സ്ഥലം അന്വേഷിച്ചു ആകാശത്തിലൂടെ പോകുമ്പോൾ, ധാരാളം മരങ്ങളും ചെടികളും നിറഞ്ഞ ഈ പ്രദേശത്തു എത്തിച്ചേരുകയായിരുന്നു. ഒടുവിൽ അവിടെ തപസ്സു ചെയ്തു കൊണ്ടിരുന്ന ഗൗതമ മഹർഷിയുടെ നിർദേശ പ്രകാരം മഹാവിഷ്ണു ക്ഷേത്രത്തിനു ചുറ്റിലും എന്ന രീതിയിൽ ദശാവതാര പ്രതിഷ്ഠകൾ നടത്തി. അതിലൊന്നാണ് ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം.
ആമമംഗലം ക്ഷേത്ര പ്രത്യേകതകൾ
ടിപ്പുസുൽത്താന്റെ പടയോട്ടത്തിൽ നശിച്ചു പോയ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് പറയപ്പെടുന്നു. ക്ഷേത്രം പിന്നീട് പുനർ നിർമ്മിക്കുകയായിരുന്നു. ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിക്കുന്ന ഒരു ഭക്തനെയും ഭഗവാൻ കൈവിടില്ല എന്നാണ് വിശ്വാസം. സന്താനലബ്ധിക്കായി ഇവിടെ പൂജ ചെയ്യുന്നത് ഉത്തമം ആണെന്ന് പറയപ്പെടുന്നു. തീർത്ഥാടനത്തിനായി ധാരാളം ഭക്ത ജനങ്ങൾ ഇവിടേക്ക് എത്താറുണ്ട്.
വിശേഷദിവസങ്ങളും പൂജകളും
ധനു മാസത്തിലെ രോഹിണി നാളിൽ ആണ് ഉത്സവം നടക്കുന്നത്. മിഥുന മാസത്തിലെ രോഹിണി ദിവസവും ഇവിടെ വിശേഷാൽ പൂജകൾ നടക്കുന്നു. നവരാത്രിയും ഇവിടെ ആഘോഷിക്കാറുണ്ട്. ഇവിടുത്തെ ലക്ഷ്മി നാരായണ പൂജ വളരെ പ്രാധാന്യം ഉള്ളതാണ്. മംഗല്യ ഭാഗ്യത്തിനാണ് ഈ പൂജ ചെയ്യുന്നത്. പഴം, പഞ്ചസാര, വെണ്ണ നിവേദ്യം, അപ്പം നിവേദ്യം, അവില്‍ നിവേദ്യം, മലര്‍ നിവേദ്യം, എന്നിവയാണ് വഴിപാടുകൾ.
ആമമംഗലം ക്ഷേത്രത്തിൽ എങ്ങനെ എത്തിച്ചേരാം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ ജംഗ്ഷനിലെ ബസ്‌സ്റ്റോപ് നു കിഴക്കു ഭാഗത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മേൽവിലാസം
Balusseri Rd
Kakkur
Kozhikode
Kerala
Comments
Post a Comment