ശ്രീരാമ സന്ധ്യാനാമം Sree Rama Sandhya Namam Lyrics in Malayalam

ശ്രീരാമ സന്ധ്യാനാമം മലയാളം Sree Rama Sandhya Namam Lyrics in Malayalam starting with Rama Rama Rama Rama Pahimam is a popular prayer addressed to Lord Rama. This traditional prayer is chanted daily in the evenings (Sandhya). Below is the Malayalam lyrics of Sree Rama Sandhya Namam.

ശ്രീരാമ സന്ധ്യാനാമം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ.....)

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടൽക്കകം കടന്നു കൂടിടുന്ന ഭക്തിയാൽ
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണർന്നു ഭംഗിയിൽ
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)

രാവണേന്ദ്രജിത്തു കുംഭകർണ്ണരാദി ദുഷ്ടരെ
കാലന്നൂർക്കയച്ചു ലോകശാന്തി ഞാൻ വരുത്തിടാം
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയിൽ
ഭൂമിയിലയോദ്ധ്യയിൽ പിറന്ന രാമാ പാഹിമാം (രാമ.....)

ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ർന്നുത്തമൻ ദശരഥൻറെ പുത്രഭാവമാർന്നുടൻ
ഭൂമിയിൽ സഹോദര സമേതനായി വാഴവേ
കൌശികൻറെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലൻറെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകർ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)

ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിർത്ത കാരണം
ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേർന്നു രാമ രാമ പാഹിമാം (രാമ.....)

ലക്ഷ്മിതൻറെയംശമായ സീതയോത്തു രാഘവൻ
പുഷ്ടമോദമന്നയോദ്ധ്യ തന്നിൽ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ
മാനസത്തി ലോർത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)

www.hindudevotionalblog.com

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവൻ
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പർണ്ണശാലതീർത്തതിൽ
വാണിരിക്കവേയടുത്തു വന്ന ശൂർപ്പണഖയെ
ലക്ഷ്മണൻ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .

കാര്യഗൌരവങ്ങളൊക്കെയോർത്തറിഞ്ഞു രാവണൻ
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയിൽ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)

കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെർന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ......)

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)

ശ്രീരാമ സന്ധ്യാനാമം Sree Rama Sandhya Namam Lyrics in Malayalam


കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോൽ
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)

ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവൻ
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടൻ
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നൽകി രാമ പാഹിമാം (രാമ.....)

തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയിൽ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)

ദൂഷണഖരദശാസ്യ കുംഭകർണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)

www.hindudevotionalblog.com

ലോകർ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗർഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതൻ ചാരിത്ര്യശുദ്ധിയോർത്തു ദുഃഖപൂർണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)

രാമദേവ സൽചരിത്രപൂർണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതൻറെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകൻ പരൻ
സീതയെ മനസ്സിലോർത്തു രാമ രാമ പാഹിമാം (രാമ.....)

പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയിൽ
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയിൽ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)

ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാൻ
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താൻ
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)

ആത്മജർക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേർന്നു ഭാമ്ഗിയിൽ
സന്മുഹൂർത്തമെത്തവേ നദീജലത്തിൽ മുങ്ങിയാ -
സ്വന്തധാമമാർന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)

ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടൻ
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരൻ
എന്ന തത്വമോർത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)

രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷൻ
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂർണ്ണമായ് രാമസല്ക്കഥ
തോന്നണമിവർക്കുനിത്യം രാമ രാമ പാഹിമാം (രാമ......)

രാമഭക്തിവന്നുദിച്ചു മാനുഷർക്കസ്സാധ്യമായ്
ഒന്നുമില്ല സർവ്വവും കരസ്ഥമെന്നു നിർണ്ണയം
ജാംബവാൻ വിഭീഷണൻ സമീരണാത്മജൻ മുതൽ
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)

സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊൾക രാമനാമമെപ്പോഴും
ഭക്തവത്സലൻ മുകുന്ദനീശ്വരൻ രഘുവരൻ
മാനസത്തിൽ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)

പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീർന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാൻ
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)

രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......)



Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *