ഭാരതത്തിലെ പരിപാവനങ്ങളായ നാഗാരാധനാ കേന്ദ്രങ്ങളിൽ അതിപുരാതനമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽ ഈ വർഷത്തെ ആയില്യ മഹോത്സവം പാരമ്പര്യ വിധിപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങളോടെ 2024 ഒക്ടോബര്‍ 24, 25, 26 തീയതികളിൽ ആഘോഷിക്കുകയാണ്.
മണ്ണാറശാല ആയില്യം
അനന്ത - വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാലയിൽ, വിശേഷാൽ പൂജാദി നൈവേദ്യങ്ങളാൽ സംപ്രീതനായിരിക്കുന്ന സാക്ഷാൽ അനന്തഭഗവാൻ്റെ ദർശനപുണ്യമായ പൂയം തൊഴൽ ഒക്ടോബര്‍ 25 നടക്കും. നിലവറയിൽ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണമാണ് അന്നേ ദിവസം ക്ഷേത്ര ശ്രീകോവിലിൽ ഭഗവാന് ചാർത്തുന്നത്.
ഒക്ടോബര്‍ 26-ാം തീയതി തിങ്കളാഴ്‌ചയാണ് വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം പാരമ്പര്യവിധിയനുസരിച്ച് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരപ്രകാരം ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വം വഹിക്കുന്നത് കുടുംബകാരണവരാണ്. കുടുംബ കാരണവരുടെ നേതൃത്വത്തിൽ ക്ഷേത്ര ത്തിൽ നടക്കുന്ന കലശാഭിഷേകവും നാഗരാജാവിൻ്റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയു മുള്ള പ്രത്യേക പൂജകളും നൂറുംപാലുമാണ് ആയില്യം നാളിലെ സവിശേഷമായ ചടങ്ങുകൾ.
ഭക്താഭീഷ്ട പ്രദായകനായി മണ്ണാറശാലയിൽ വാഴുന്ന നാഗാധിനാഥന്റെ പ്രധാന ആട്ട വിശേഷമായ തുലാമാസത്തിലെ ആയില്യം നാളിൽ നിറഞ്ഞ ഭക്തിയോടെ ദർശനത്തിനെത്തുന്ന സമസ്‌ത ഭക്തജനങ്ങളിലും ഭുജംഗമകുലാധിപൻ്റെ അനുഗ്രഹവർഷം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.
Comments
Post a Comment